സ്വാഭാവിക റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തും, റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറയുന്നതും എഴുതിക്കൊടുക്കുന്നതും പ്രസിദ്ധീകരിച്ചും മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും ജനത്തെ കബളിപ്പിക്കുന്നു. ഓപ്പണിംഗ് സ്റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിക്കിട്ടുന്ന ആകെ ലഭ്യതയില്‍നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കില്ല. ബാലന്‍സ്‍സ്റ്റോക്ക് ലഭിക്കണമെങ്കില്‍ ഒരു മിസ്സിംഗ് ഫിഗര്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരും. അത് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കൂടിയോ കുറഞ്ഞോ വരും. ആറുമാസത്തെ കാലവധിക്കുള്ളില്‍ ഉത്പന്നങ്ങളായി കയറ്റുമതിചെയ്യാനായി പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത റബ്ബറും ആഭ്യന്തര ഉപഭോഗത്തോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. അതില്‍ നിന്ന് ഉത്പാദനം കുറവുചെയ്താണ് എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നത്. രാജ്യസഭയില്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജായി നല്കിയ കണക്ക് തെറ്റായപ്പോള്‍ അത് തിരുത്തുവാനായി രണ്ടംഗ കമ്മിറ്റിയെ വെച്ച് ഉത്പാദനത്തില്‍ കുറവു വരുത്തി.
കയറ്റുമതി ലൈസന്‍സ് നല്‍കുന്നതും, നിയന്ത്രിക്കുന്നതും റബ്ബര്‍ ബോര്‍ഡാണ്. താണവിലയ്ക്ക് കയറ്റുമതി ചെയ്താലും റബ്ബര്‍ ബോര്‍ഡ് മൗനം പാലിക്കും. ഉത്പാദക രാജ്യങ്ങളിലേക്ക് താണവിലയ്ക്ക് കയറ്റുമതി ചെയ്താല്‍ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ കയറ്റുമതിക്കാരില്‍ നിന്ന് അത്തരത്തില്‍ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും താണവിലക്കുള്ള ഇറക്കുമതിക്കും മറ്റ് ഉത്പാദക രാജ്യങ്ങള്‍ മുതിരുകയില്ലായിരുന്നു. ഇറക്കുമതിക്ക് ലൈസന്‍സ് കൊടുക്കുന്നതും, നിയന്ത്രിക്കുന്നതും ഡി.ജി.എഫ്.റ്റി (ഡയറക്ടര്‍ ജനറല്‍ ഫോറിന്‍ ട്രേഡ്) ആണ്. കയറ്റുമതി ഇറക്കുമതിയുടെ കൃത്യമായ കണക്കുകള്‍ തനിക്ക് ലഭിക്കുന്നില്ല എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന മാറ്റങ്ങള്‍ ബാലന്‍സ്‍സ്റ്റോക്കില്‍ പ്രതിഫലിക്കാറില്ല.
ഗ്രീന്‍ബുക്കെന്ന ഗ്രേഡിംഗ് രീതിയാണ് വിപണിയിലെ ഗ്രേഡും വിലയും നിശ്ചയിക്കുന്നത് എന്നാണ് റബ്ബര്‍ ബോര്‍ഡ് പറയുന്നത്. താണഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്കുവാന്‍ അവസരമൊരുക്കുന്നു. സാമ്പിള്‍ ഷീറ്റുകള്‍ പ്രദര്‍ശിപ്പിക്കാതെയും, കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റം നടപ്പില്‍ വരുത്താതെയും ഡിലര്‍മാര്‍ക്ക് വിലയിലെ ഏറ്റക്കുറച്ചിലിലും ലാഭം ഉറപ്പാക്കുന്ന തെറ്റായ രീതി. റബ്ബര്‍ ബോര്‍ഡ് നാലാംതരത്തിന്റെയും, അഞ്ചാംതരത്തിന്റെയും കോട്ടയം വിപണിവില പ്രസിദ്ധീകരിക്കുമ്പോള്‍ അതിനേക്കാള്‍ മൂന്നുരൂപയോ, കൂടുതലോ താഴ്ത്തി അതേഗ്രേഡിന് വ്യാപാരിവിലയായി പ്രസിദ്ധീകരിക്കുന്നു.
പല പേരുകളില്‍ വന്‍കിട ഉത്പന്ന നിര്‍മ്മാതാക്കള്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്ത് ഒരേഗോഡൗണില്‍ എത്തുന്നതും നിയന്ത്രണമില്ലാതെ അമിതമായ ശേഖരം വര്‍ദ്ധിപ്പിച്ച് വിപണിയില്‍ നിന്ന് വിട്ടുനിന്ന് വിലയിടിക്കുന്നതും റബ്ബര്‍ ബോര്‍ഡ് പരിശോധിച്ച് നടപടിയെടുക്കുന്നില്ല. താണവിലക്ക് ഡ്യൂട്ടി അടച്ച് ഇറക്കുമതിചെയ്യുന്നത് ആഭ്യന്തര വിലയോടൊപ്പം വാറ്റ് നല്‍കി ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ച് ഉല്പന്ന നിര്‍മ്മാണം നടത്തുന്ന ചെറുകിട ഉല്പന്ന നിര്‍മ്മാതാക്കളെ നഷ്ടത്തിലാക്കുന്നു. നിര്‍മ്മിത ഉപ്ലന്നങ്ങളുടെ ഉത്പാദനം, വിപണനം, ബാലന്‍സ് സ്റ്റോക്ക് മുതലായവ പ്രസിദ്ധീകരിക്കാതെ സപ്ലെ ആന്‍ഡ് ഡിമാന്‍ഡില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു.
മേല്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ തറവില നിശ്ചയിച്ചതുകൊണ്ടോ, സംഭരണം നടത്തിയതുകൊണ്ടോ, ചെറുകിട കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്കിയതുകൊണ്ടോ പരിഹരിക്കാന്‍ കഴിയുന്നതല്ല റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍. വാര്‍ത്തകള്‍ വളച്ചൊടിച്ച് മുതല കണ്ണുനീരൊഴുക്കുന്ന മാധ്യമങ്ങള്‍ കര്‍ഷകന്റെ ദുരിതങ്ങളുടെ ഉറവിടമായ നാണയപ്പെരുപ്പത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലില്ല. നാണയപ്പെരുപ്പത്തിന്റെ ഗുണഭോക്താക്കള്‍ക്കെതിരെ മാധ്യമങ്ങള്‍ പ്രതികരിക്കില്ല.
മാധ്യമ വിചാരണ അനിവാര്യമായി മാറയിരിക്കുന്നു. സോഷ്യല്‍ മീഡിയായും ബ്ലോഗും ചേര്‍ന്നൊരുക്കുന്ന വിചാരണയില്‍ പങ്കാളികളാകുവാനും, അഭിപ്രായം പ്രകടിപ്പിക്കുവാന്‍ അവസരമൊരുക്കിയും നമുക്കൊരു പോരാട്ടത്തിന് തുടക്കം കുറിക്കാം.
സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും അംഗമാകാം.