അദ്ധ്യാപക നിയമനത്തിന് അധികാരം ആര്‍ക്ക്?
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസനിയമത്തിലെ ഒരു സുപ്രധാന വകുപ്പാണ് 11 ന്നാമത്തേത്( കേരളാ എഡൂകേഷന്‍ ആക്ട് - 1958). സ്വകാര്യസ്കൂളിലെ അദ്ധ്യാപകരെ ചൂഷണം ചെയ്ത് വന്നിരുന്നത് ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയാണ് പ്രസ്തുത നിയമം നിലവില്‍ വന്നത്. പ്രതിമാസ ശംബളത്തില്‍ നിന്നും ഒരു ഭാഗം മാനേജ്‌മെന്റ് നിര്‍ബന്ധപൂര്‍വ്വം അദ്ധ്യാപകരില്‍ നിന്നും വാങ്ങി സ്വന്തം കീശയിലാക്കിയിരുന്നു. അതു കഴിഞ്ഞുള്ളത് മാത്രമാണ് അവര്‍ക്ക് ശമ്പളമായി നല്‍കിയിരുന്നത്. അദ്ധ്യാപകരെ യഥേഷ്ടം നിയമിക്കുന്നതിനും പറഞ്ഞുവിടുന്നതിനും മനേജ്‌മെന്റിനു സാധിക്കുമായിരുന്ന കാലഘട്ടം. ആ ഒരു കാരണം കൊണ്ട് അദ്ധ്യാപകര്‍ അവരുടെ പ്രതിഷേധം ഉള്ളില്‍ ഒതുക്കി കഴിയുകയായിരുന്നു. അദ്ധ്യാപക നിയമനങ്ങള്‍ മാനേജ്‌മെന്റിന്റെ സ്വേച്ഛാധികാരപ്രകാരം നടത്തിയിരുന്നു. ഏറ്റവും നല്ല നിലയില്‍ വിദ്യഭ്യാസം നേടിയവര്‍ക്കു പോലും ജോലി നിഷേധിക്കുന്നത് പതിവ് സംഭവമായിരുന്നു. സര്‍ക്കാരില്‍ നിന്നും സാമ്പത്തികസഹായം ലഭിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപക നിയമനം മാനേജ്‌മെന്റിനു പൂര്‍ണ്ണമായി വിട്ടുകൊടുക്കുന്നത് ശരിയല്ല എന്ന് ആത്മാര്‍ത്ഥമായി മനസ്സിലാക്കിയിട്ടാണ് ആ നിയമത്തില്‍ 11- ം വകുപ്പ് ഉള്‍പ്പെടുത്തിയത്. മെറിറ്റിന് യാതൊരു വിലയും കല്‍പിക്കാതെയുള്ള നിയമനങ്ങളും പണം വാങ്ങി നിയമനം നല്‍കുന്നതും ഒരു പരിധിവരെ നിയന്ത്രിക്കുന്ന നിശ്ചയദാര്‍ഢ്യം ഉള്‍ക്കൊള്ളുന്നതായിരുന്നു 11-ം വകുപ്പ്.11-ം വകുപ്പ് പ്രകാരം മാനേജര്‍ക്ക് KPSC തയ്യാറാക്കുന്ന ലിസ്റ്റില്‍നിന്നും ഇഷ്ടമുള്ളവരെ അദ്ധ്യാപകരായി നിയമിക്കാം. ഓരോജില്ലയില്‍ നിന്നും അപ്രകാരം PSC ലിസ്റ്റ് തയ്യാറാക്കുമെന്നും അതില്‍ നിന്നും മാനേജര്‍മാര്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് ഈ.എം.എസ്സ്. സര്‍ക്കാരിനെ തുടര്‍ന്നു വന്ന സര്‍ക്കാര്‍ ദൂരെത്തെറിപ്പിച്ചുകളഞ്ഞു. പുതിയ 11-ം വകുപ്പ് പ്രകാരം മാനേജര്‍ക്ക് യോഗ്യതയുള്ള ആരെവേണമെങ്കിലും നിയമിക്കാമെന്നായി. ഒന്നാം റാങ്ക് കിട്ടിയ അപേക്ഷകനെ മൂലക്ക് നിര്‍ത്തി ഏറ്റയും കുറഞ്ഞ യോഗ്യതയുള്ള ആരെയും നിയമിക്കാമെന്ന സ്ഥിതിവിശേഷം. ആക്ടിലെ 9-ം വകുപ്പില്‍ എല്ലാ അദ്ധ്യാപകരുടേയും ശമ്പളം അതാത് സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ മുഖാന്തിരം കൊടുക്കാമെന്ന് വ്യവസ്തയുണ്ട്. 11-ം വകുപ്പില്‍ പറയുന്നതും എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകരെ PSC തിരെഞ്ഞെടുക്കുന്ന ജില്ലാലിസ്റ്റില്‍ നിന്നുമാത്രമേ നിയമിക്കാന്‍ പാടുള്ളൂ എന്നാണ്. നിയമനത്തിലെ പ്രസക്ത വകുപ്പുകളില്‍ നിന്നും അദ്ധ്യാപകരുടെ ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നു വ്യക്തമാണ്. 10-ം വകുപ്പ് പ്രകാരം നിശ്ചിത യോഗ്യത നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സുപ്രീം കോടതി ഈ വകുപ്പുകള്‍ തികച്ചും ഭരണഘടനക്ക് അനുസ്യുതമാണെന്ന് വിധിപ്രസ്താവിച്ചിരുന്നതുമാണ്. ശമ്പളം സര്‍ക്കാര്‍ നല്‍കുകയെന്നുള്ള 9-ം വകുപ്പ് നടപ്പാക്കുന്നതിന് ഒരു കാലതാമസവും ഉണ്ടായില്ല. എന്നാല്‍ 11-ം വകുപ്പ് ഭേദഗതി ചെയ്യപ്പെട്ടു. സുപ്രീം കോടതി ശരിവച്ച 11-ം വകുപ്പ് തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് 27-12-1960 -ല്‍ പുതിയ 11-ം വകുപ്പ് നിലവില്‍ വന്നത്. അതനുസരിച്ച് മാനേജര്‍മാര്‍ക്ക് നിയമനങ്ങള്‍ക്ക് സര്‍വ്വസ്വാതന്തൃവും ലഭിച്ചു. 11-ം വകുപ്പ് ഭേദഗതി ചെയ്യുമ്പോള്‍ സ്വകാര്യമാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. സര്‍ക്കാരില്‍ നിന്നും ശമ്പളം. പക്ഷേ മാനേജര്‍മാര്‍ക്ക് യഥേഷ്ടം നിയമനത്തിനുള്ള അവകാശം. ചുരുക്കിപ്പറഞ്ഞാല്‍ അദ്ധ്യാപകരുടെ നിയമനം മാനേജരുടെ കൈപ്പിടിയില്‍ ഒതുങ്ങി.
11-ം വകുപ്പ് ആക്ടില്‍ ഉള്‍കൊള്ളിച്ചതു വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ്. പക്ഷേ, എന്തിന് ഈ വകുപ്പുകള്‍ ഭേദഗതി ചെയ്തു എന്നതിനു ഹൈകോടതിയില്‍ സര്‍ക്കാരിനു മറുപടി ഉണ്ടായില്ല. ഭേദഗതി ചെയ്തതിന് എന്തെങ്കിലും കാരണം കാണിക്കുവാന്‍ സര്‍ക്കാരിന് കോടതിയില്‍ സാധിക്കാത്തത് മനഃപ്പ്പ്പൂര്‍വവും ദുരുദ്ദേശപരവുമാണെന്ന് സംശയിച്ചാല്‍ ആര്‍ക്കും കുറ്റം പറയാനാവില്ല. 11-ം വകുപ്പ് ഭേദഗതി ചെയ്തതിന് യാതൊരു കാരണവും നീതീകരണവുമില്ലെന്ന് ഹൈക്കോടതി അസന്ദിഗ്ദമായി റിട്ടപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. പ്രബുദ്ധരായ കേരളജനതയില്‍ നിന്നും ഒരു ഒച്ചാപ്പാടും ഉണ്ടായിട്ടില്ല. വിവിധ രാഷ്ട്രീയകക്ഷികളും അദ്ധ്യാപക സംഘടനകളും ഇങ്ങനെയൊരു സംഭവം ഉള്ളതായിപ്പോലും ഗൗരവപൂര്‍വ്വം പരിഗണിച്ചുകാണുന്നില്ല. വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും അര്‍ഹമായവര്‍ക്ക് നിയമനം ലഭിക്കുന്നതിനും 11-ം വകുപ്പ് പുനഃസ്ഥാപിക്കേണ്ടത് ന്യായയുക്തമായ ആവശ്യമാണ്. സരസ്വതീക്ഷേത്രങ്ങളുടെ വിശുദ്ധി അപ്പടെ നിഷേധിക്കുന്ന ഒന്നാണ് കൂടുതല്‍ തുക പറഞ്ഞയാളുടെ പേരില്‍ അതിശ്രേഷ്ഠമായ ഗുരുസ്ഥാനം ഏല്‍പ്പിക്കുന്നത്. തികച്ചും ലജ്ജാകരവും പ്രാകൃതവുമായ ഈ വ്യവസ്ഥിതി മാറ്റുന്നതിനു മുന്‍ 11-ം വകുപ്പ് പുനഃസ്ഥാപിക്കേണ്ടതിന് ഇനിയും കാലതാമസം പാടില്ല.
11-ം വകുപ്പ് ഗളഹസ്തം ചെയ്യപ്പെട്ടതോടെ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്‌മെന്റിന്റെ ഇഷ്ടാനുസരണമുള്ള നിയമനങ്ങള്‍ ആഘോഷ പൂര്‍വ്വം നടക്കുകയാണ്. വിദ്യാഭ്യാസ നിലവാരം താഴ്‌ന്നു പോകുന്നതിനിടവരുത്തിയെന്നുള്ളത് തര്‍ക്കമില്ലാത്ത സംഗതിയാണ്. വിദ്യാര്‍ത്ഥികള്‍ സ്വകാര്യട്യൂഷന് പോകുന്നതിനു പ്രധാനകാരണം അവര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്നും ശരിയായ പഠനം നിര്‍വ്വഹിക്കുവാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. വിദ്യാലയങ്ങളില്‍ പ്രഗല്‍ഭരായ അദ്ധ്യാപകരുണ്ടെങ്കില്‍ പോലും വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ ആത്മാര്‍ത്ഥമായി പഠിപ്പിക്കുന്നതില്‍ വിമുഖത കാട്ടുന്നു. ഇതിനെല്ലാം അറുതിവരുത്തേണ്ടതിന്റെ ആവശ്യകത കേരളഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഡബ്ല്യു.എ.278/95 ല്‍ സുപ്രധാനവിധിന്യായത്തിലൂടെ ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രസ്തുത കേസില്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം മനേജരുടെ അദ്ധ്യാപകരെ നിയമിക്കാനുള്ള അധികാരം സംരക്ഷിക്കപ്പെട്ടതാണെന്നുള്ള വാദം ഉണ്ടായി. ഹൈകോടതി 11-ം വകുപ്പ് ആര്‍ട്ടിക്കില്‍ 30(1) ന്റെ ലംഘനമല്ലേന്നുള്ള സുപ്രീം കോടതിയുടെ വിധി ആശ്രയിച്ചു കേരളവിദ്യാഭ്യാസ നിയമം വിശകലനം ചെയ്തുകൊണ്ടുള്ള കേസിലാണ് സുപ്രീം കോടതി അപ്രകാരം പറഞ്ഞിരുന്നത്. വിദ്യാഭ്യാസം എല്ലാപേര്‍ക്കും ശരിയായ വിധത്തില്‍ യാതൊരു ചൂഷണവുമില്ലാതെ ലഭിക്കേണ്ടതും അത് സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയുമാണ്. ആക്ടിലെ 9(1) വകുപ്പ് നിഷ്‌കര്‍ഷിക്കുന്നതും എയ്‌ഡഡ് സ്കൂളിലെ അദ്ധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ നേരിട്ട് നല്‍കണമെന്നാണ്. 9(3) വകുപ്പ് പ്രകാരം മാനേജര്‍ക്ക് സര്‍ക്കാരില്‍നിന്നും മനസ്സിലാക്കേണ്ടത് ഇത്രയെല്ലാം ആനുകൂല്ല്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും മാനേജ്‌മെന്റിനു ലഭിക്കുമ്പോള്‍ അദ്ധ്യാപകനിയമനം ഏറ്റവും സുതാര്യവും അഴിമതി രഹിതവുമായിരിക്കണമെന്നാണ്. ഈ കാര്യം അടിവരയിട്ട് കേരളഹൈകോടതി മേല്‍പ്പറഞ്ഞകേസ്സില്‍ വിധി പ്രസ്താവിച്ചിട്ടുള്ളതുമാണ്. 11-ം വകുപ്പ് ഭേദഗതിചെയ്തതുമൂലം കോഴ കൊടുത്ത് ഉദ്യോഗം ലഭിക്കുന്നത് പ്രഗല്‍ഭര്‍ ഒഴിവാക്കപ്പെടുന്നതിനും അതിന്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ നിലവാരം താഴുന്നതിനും ഇടയാക്കുന്ന കാര്യവും പ്രസക്തമാണ്. ഹൈകോടതി മേല്‍പറഞ്ഞവിധിയില്‍ സര്‍ക്കാര്‍ 11-ം വകുപ്പ്‌ഭേദഗതി ചെയ്തതിന് യതൊരു ന്യായീകരണവും കാണിച്ചിട്ടില്ലന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. 11-ം വകുപ്പ് എടുത്തുകളഞ്ഞതിന് യതൊരു ന്യായീകരണവുമില്ലെന്ന് വിധിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കടപ്പാട് - ഉപഭോക്താവ്
പരേതനായ എന്‍.പി ചന്ദ്രകുമാര്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റ് സര്‍ക്കാര്‍ ചെലവില്‍ കൈക്കൂലിക്ക് അവസരമൊരുക്കുന്നു എന്ന കാര്യത്തില്‍ വ്യക്തമായ സൂചനയാണ്. സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിക്കൊണ്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത യോഗ്യത കൂുറഞ്ഞ അധ്യാപകരെ നിയമിക്കുന്നത് പരസ്യമായ അഴിമതി തന്നെയാണ്. ജാതി മത സ്ഥാപനങ്ങളാണ് ഏറിയ പങ്കും എയിഡഡ് സ്കൂളുകള്‍ നടത്തുന്നത്. ജനാധിപത്യം മത,മത സ്ഥാപനങ്ങള്‍ക്ക് അടിയറവുവെയ്ക്കുന്നതിനെതിരെ പ്രതികരിക്കുവാന്‍ അത്തരം സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് കഴിയില്ല. മറ്റ് മാധ്യമങ്ങളും പ്രതികരിക്കാത്തതിന് കാരണം മാനേജര്‍ മാരില്‍നിന്ന് കൈക്കൂലിയുടെ ഒരംശം പാര്‍ട്ടികളും കൈപ്പറ്റുന്നുണ്ട് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ